Posts

യാത്ര

സമൂഹത്തിൽ താൻ ഇച്ഛിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരണമെന്ന് കരുതി, തന്നെപോലെ തന്നെയാണ് മറ്റുള്ളവരും എന്ന് കരുതി തന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ, എന്തുകൊണ്ട് സഹയാത്രികർ അത് മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ ഉൾക്കൊള്ളുന്നില്ല എന്ന ചിന്ത ശക്തമാകും.അങ്ങനെ അവരോടു നീരസവും മറ്റും പൊങ്ങിവരാൻ കാരണമാകുന്നു. ഇവിടെയാണ് ആന്തരീകമായതിന്റേയും ബാഹ്യ ലോകത്തിന്റെയും യാത്രയുടെ വ്യത്യാസം ഉണ്ടാവുന്നത്. സൂക്ഷ്മമായ വിലയിരുത്തലിൽ ജീവിതം ഒരുമിച്ചാണെങ്കിലും ജീവനുകൾ ഒരുമിച്ചല്ല പോകുന്നത് എന്ന് അറിയുവാൻ കഴിയണം. എന്നിട്ട് അതിൽ നിന്നും അവരുടെ ബാഹ്യ ചെയ്തികളെ വിലയിരുത്തിയിട്ടു വേണം ആത്മീയ പാത അവർക്കു മുൻപിൽ തുറക്കാൻ. അത് ഉൾക്കൊള്ളാൻ തയ്യാറാകുന്നത് അവരുടെ ആവശ്യങ്ങൾ മറ്റു പലതും ആകും, അതിൽ നിന്നും നിവൃത്തി വരാതെ മറ്റു മാർഗ്ഗം ശരിയാകില്ല.

രക്ഷാമാർഗ്ഗം

നമ്മുടെ ജീവിതം കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. പരാജയം എന്നത് നമുക്ക് ശരിക്കും അറിയില്ല എന്നതിന്റെ ഉത്തരമാണ്. അങ്ങനെയെങ്കിൽ ലോകനീതി നടപ്പിലാക്കുന്ന ഒരു ശക്തിയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ തയ്യാറാകണം.അതിനെ അംഗീകരിക്കണം. ആശ്രയിക്കേണ്ടി വരും. അതിനു ഉള്ളിൽ നിന്നും ഒരു സങ്കടം പൊന്തി വരണം. അത് ചങ്കിൽ വന്ന് നിറയണം. എന്നിട്ട് കണ്ണുകളടച്ചു ആ ശക്തിയോട് വഴി കാണിക്കാൻ യാചിക്കണം. ആ ശക്തിക്കു താങ്കൾ ഒരു രൂപവും കാണണ്ട, അതാണ് ഋജു മാർഗ്ഗം.

ആത്മവിചാരം

ദേഹം വിട്ടാൽ ആത്മാവ് വ്യസനിക്കും അല്ലെങ്കിൽ സന്തോഷിക്കും എന്നൊക്കെ കരുതുന്നത് ഈ ജീവന്റെ ജീവിതത്തിൽ ലഭിച്ച മൂല്യങ്ങളെ വിലയിരുത്തുമ്പോഴാണ്. ഒരു ജീവന്റെ ചെയ്തികൾ എല്ലാം നന്മയിൽ അവസാനിക്കുകയാണെങ്കിൽ എല്ലാം ശുഭം, അല്ലെങ്കിൽ മറിച്ചും. ആത്മാവ് എല്ലാ വികാരങ്ങളിൽ നിന്നും മുക്തമാണ്. എന്നാൽ അത് എല്ലാ വികാരങ്ങളുടെയും മുഖവുമാണ്. എല്ലാ വികാരങ്ങളുടെയും സംഹാരിയായി ആത്മവിചാരം നിൽക്കുന്നു, അത് ഇവിടെ ഇപ്പോൾ തന്നെ നമ്മളെ മോചിപ്പിക്കുന്നു. ജീവിതം ആ മോചനത്തിൽ നിന്നും നമ്മളെ പുറകോട്ടു നയിക്കുന്നു. ആത്മവിചാരത്തിൽ ഉറച്ചു നിന്നുകൊണ്ട് ജീവിക്കുക.

ധ്യാനം

ധ്യാനിക്കാനിരിക്കുമ്പോൾ തല ഉണ്ടാവും, ധ്യാനിച്ചു കൊണ്ടിരിക്കുമ്പോൾ തല അലിഞ്ഞു പോകുന്നു, ധ്യാനിച്ചു കഴിയുമ്പോൾ നമുക്ക് വ്യക്തമായി കാണാം... നമ്മുടെ തലയില്ലാത്ത ദേഹം.

കണ്ണാടി

23/2/22: സർവ്വാഭരണ വിഭൂഷിതനായി വലിയ അഹങ്കാര ഭാവത്തോടെ തല ഉയർത്തി നിൽക്കുന്ന എന്നെ തന്നെ ഞാൻ കാണുന്നു. എന്നാൽ കഴുത്തിനു മുകളിലുള്ള തല കഴുതയുടെയോ, ചീങ്കണ്ണിയുടേതോ ആണ്. നിർഭാഗ്യവശാൽ ഉള്ളിലുള്ള ഞാനെന്ന അഹങ്കാരത്തിന് ഈ കോമാളിത്തം തിരിച്ചറിയാൻ കഴിയുന്നേയില്ല.

ഋജുമാർഗ്ഗം.

അവനവന്റെ വിശ്വാസത്തിൽ ജീവിക്കുക. മറ്റുള്ളവരുടെ വിശ്വാസത്തെ വിലയിരുത്തുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ അവനവൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിയെ തോഴനാക്കി സ്വാതന്ത്ര്യത്തോടെ എല്ലാത്തിനോടും ഉള്ളിൽ (പുറമേക്കല്ല) തുറന്നു ചിരിച്ചു കൊണ്ട് ഉല്ലാസവനായി നടക്കുക. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രകൃതിയിൽ സംഭവിക്കുന്ന വലിയ വലിയ അപകടങ്ങളും  ദുരന്തങ്ങളും മറ്റും സർവ്വേശ്വരന്റെ തീരുമാനമെന്നു വേഗം പറയാൻ കഴിയും. സ്വന്തം ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങളിൽ താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ ഇഷ്ടമാണ് നടക്കുന്നതെന്ന് കരുതാൻ കഴിയണം. (ആദ്യം അങ്ങനെ കരുതുക. പിന്നീട് അത് തന്നെയാണ് സത്യമെന്ന് ബോധ്യമാവും.) ഭക്തിമാർഗ്ഗത്തിൽ നിന്നും ധ്യാനമാർഗ്ഗത്തിലൂടെ ജ്ഞാനമാർഗ്ഗത്തിലേക്കാണ് യാത്ര. അതാണ് ജീവന്റെ യഥാർത്ഥ ലക്ഷ്യം. "ഋജുമാർഗ്ഗം." ആ യാത്രയിൽ പലരും പല സ്ഥലത്താണ്, ചിലർ കൂട്ടമായും ചിലർ ഒറ്റക്കും. അവനവൻ വിശ്വസിക്കുന്ന ശക്തിയിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് ജീവിക്കുക എന്നത്‌ ഒരു ജീവിതരീതിയായി തീരേണ്ടതുണ്ട്. ഒരു ദിവസം ആരംഭിക്കുമ്പോൾ എഴുന്നേറ്റാൽ ഉടനെ സർവ്വേശ്വരനെ സ്മരിക്കുക, കുറച്ചു നേരം കണ്ണുകളടച്ചു തന്റെ ഇരിപ്പ...