ഋജുമാർഗ്ഗം.
അവനവന്റെ വിശ്വാസത്തിൽ ജീവിക്കുക. മറ്റുള്ളവരുടെ വിശ്വാസത്തെ വിലയിരുത്തുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ അവനവൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിയെ തോഴനാക്കി സ്വാതന്ത്ര്യത്തോടെ എല്ലാത്തിനോടും ഉള്ളിൽ (പുറമേക്കല്ല) തുറന്നു ചിരിച്ചു കൊണ്ട് ഉല്ലാസവനായി നടക്കുക.
അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രകൃതിയിൽ സംഭവിക്കുന്ന വലിയ വലിയ അപകടങ്ങളും ദുരന്തങ്ങളും മറ്റും സർവ്വേശ്വരന്റെ തീരുമാനമെന്നു വേഗം പറയാൻ കഴിയും. സ്വന്തം ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങളിൽ താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ ഇഷ്ടമാണ് നടക്കുന്നതെന്ന് കരുതാൻ കഴിയണം. (ആദ്യം അങ്ങനെ കരുതുക. പിന്നീട് അത് തന്നെയാണ് സത്യമെന്ന് ബോധ്യമാവും.)
ഭക്തിമാർഗ്ഗത്തിൽ നിന്നും ധ്യാനമാർഗ്ഗത്തിലൂടെ ജ്ഞാനമാർഗ്ഗത്തിലേക്കാണ് യാത്ര.
അതാണ് ജീവന്റെ യഥാർത്ഥ ലക്ഷ്യം. "ഋജുമാർഗ്ഗം."
ആ യാത്രയിൽ പലരും പല സ്ഥലത്താണ്, ചിലർ കൂട്ടമായും ചിലർ ഒറ്റക്കും.
അവനവൻ വിശ്വസിക്കുന്ന ശക്തിയിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് ജീവിക്കുക എന്നത് ഒരു ജീവിതരീതിയായി തീരേണ്ടതുണ്ട്.
ഒരു ദിവസം ആരംഭിക്കുമ്പോൾ എഴുന്നേറ്റാൽ ഉടനെ സർവ്വേശ്വരനെ സ്മരിക്കുക, കുറച്ചു നേരം കണ്ണുകളടച്ചു തന്റെ ഇരിപ്പിനെ ശ്രദ്ധിക്കുക, ഉള്ളിൽ "ഞാൻ" എവിടെയാണെന്ന് തിരയുക, തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ തിരയുന്നവനെ ശ്രദ്ധിക്കുക.
ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും ഒരു ജീവന്റെ ഉള്ളിലുള്ള തന്റെ സ്വരൂപ സ്ഥിതിയിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല.
ഓരോ നിമിഷങ്ങളിലും ഈ ഉണർവ്വിൽ നിൽക്കേണ്ടതുണ്ട്, അതിന് സർവ്വേശ്വരന്റെ അനുഗ്രഹം തേടണം. അതായത് ഈ "അവനവനെ ശ്രദ്‌ധിക്കാനുള്ള " തോന്നൽ എപ്പോഴും തന്ന് അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.
Comments
Post a Comment